
കൊച്ചി: കേരളത്തിലെ മുന്‍ ബാസ്‌ക്കറ്റ്ബോള്‍ താരങ്ങളുടെ കൂട്ടായ്മയായ ടീം റീബൗണ്ടിന്റെ മൂന്നാമത് വാര്‍ഷിക ആഘോഷം കൊച്ചിയില്‍ ആരംഭിച്ചു. കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ബാസ്‌ക്കറ്റ്‌ബോള്‍ മുന്‍ ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ മാത്യു സത്യബാബു ഉദ്ഘാടനം ചെയ്തു. രണ്ടു ദിവസങ്ങളിലായി നടക്കുന്ന ആഘോഷങ്ങളില്‍ 17 മത്സരങ്ങളില്‍ 18 പുരുഷ-വനിതാ ടീമുകള്‍ മാറ്റുരയ്ക്കും. ഫൈനല്‍ മത്സരങ്ങള്‍ ഞായറാഴ്ച രാവിലെ 9.30 മുതല്‍ ആരംഭിക്കും. മുന്‍ ഇന്ത്യന്‍ ടീം വനിതാ ക്യാപ്റ്റന്‍ ലീലാമ്മ സന്തോഷ്, അന്താരാഷ്ട്ര താരങ്ങളായ ജീന സക്കറിയ, ജിയോ ബ്ലസന്‍, അന്‍വിന്‍ ആന്റണി, ഷീബാമ അഗസ്ത്യന്‍, എം. രഞ്ജിത്ത്, ജന്‍സന്‍ പീറ്റര്‍ തുടങ്ങി ഏകദേശം 400ഓളം മുന്‍ താരങ്ങള്‍ ചടങ്ങില്‍ പങ്കാളികളായി.
കേരളത്തിന്റെ കായികരംഗത്ത് ബാസ്‌ക്കറ്റ്‌ബോളിന്റെ പ്രാധാന്യം ഇനിയും വര്‍ധിക്കേണ്ടിയിരിക്കുന്നുവെന്ന് മാത്യു സത്യബാബു പറഞ്ഞു. മേഖലയില്‍ മികച്ച പ്രതിഭകളെ നല്‍കാന്‍ കേരളത്തിന് മുമ്പും സാധിച്ചിട്ടുണ്ട്. ദേശിയ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പ്, ഫെഡറേഷന്‍കപ്പ് തുടങ്ങി സമീപകാലത്ത് കേരളം സ്വന്തമാക്കിയ വിജയങ്ങളും ബാസ്‌ക്കറ്റ്‌ബോള്‍ പരിശീലനത്തിന് പുതുതലമുറ കാണിക്കുന്ന താല്‍പര്യവും പ്രതീക്ഷ നല്‍കുന്നതാണ്. ഈ സാഹചര്യത്തില്‍ ടീം റീബൗണ്ട് കായികതാരങ്ങള്‍ക്കു നല്‍കുന്ന പ്രോത്സാഹനം അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ഉദ്ഘാടന മത്സരത്തില്‍ 60 വയസിന് മുകളിലുള്ളവരുടെ വിഭാഗത്തില്‍ മുന്‍ കേരള താരങ്ങളായ വി.ടി സേവ്യര്‍, ഫിലിപ്പ് സക്കറിയ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള റീബൗണ്ട് ഷോക്കേഴ്‌സും, മുഹമ്മദ് ഇക്ബാല്‍(മുന്‍ ഇന്ത്യന്‍ താരം), ടോം തോമസ്, ചെറിയാന്‍ ഉമ്മന്‍ (മുന്‍ കേരള താരങ്ങള്‍) എന്നിവര്‍ നേതൃത്വം നല്‍കിയ ഡോണട്ട് ജനറലും എറ്റുമുട്ടി. വാശിയേറിയ മത്സരത്തില്‍ സ്‌കോര്‍ 25-9ന് റീബൗണ്ട് ഷോക്കേഴ്‌സ് ആദ്യ വിജയം കരസ്ഥമാക്കി.
കേരളത്തിന്റെ കായികചരിത്രത്തിലെ ബാസ്‌ക്കറ്റ്‌ബോള്‍ മത്സരങ്ങളുടെ പ്രതാപകാലം ഓര്‍മ്മിപ്പിക്കുംവിധമുള്ള മത്സരങ്ങളാവും ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കുകയെന്ന് ടീം റീബൗണ്ട് പ്രസിഡന്റ് ഇക്ബാല്‍ എം.എ പറഞ്ഞു. ഒരുകാലത്ത് കോര്‍ട്ടുകള്‍ കീഴടക്കിയിരുന്ന താരങ്ങള്‍ക്ക് കഴിഞ്ഞകാലത്തെ ഓര്‍ത്തെടുക്കാനുള്ള അവസരമാണിത്. കേരളത്തില്‍ ബാസ്‌ക്കറ്റ്‌ബോളിന്റെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികളെക്കുറിച്ചും വാര്‍ഷികാഘോഷത്തില്‍ ചര്‍ച്ചയാവും. പ്രഗത്ഭരായ മുന്‍ താരങ്ങളുടെ കീഴില്‍, കഴിവുതെളിയിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പരിശീലനത്തിനും ടീം റീബൗണ്ട് അവസരമൊരുക്കും. കൂടാതെ ദേശിയ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പ് ജേതാക്കളായ കേരള ബോയിസ് ടീം, ഫെഡറേഷന്‍ കപ്പ് ജേതാക്കളായ കേരള വനിതാ ടീം, ഇന്റര്‍ യൂണിവേഴ്സിറ്റി വിജയികളായ കാലിക്കറ്റ് യൂണിവേഴ്സിറ്റി വനിതാ ടീം, ബാസ്‌ക്കറ്റ്ബോള്‍ മേഖലയ്ക്ക് സമഗ്ര സംഭാവനകള്‍ നല്‍കിയ പ്രതിഭകളെയും ചടങ്ങില്‍ ആദരിക്കും. അജി കുമാര്‍ നായര്‍, അനില്‍ കുമാര്‍, ജോസഫ് സി ജോസഫ്, കോശി എബ്രഹാം എന്നീ നാല് മുന്‍ കേരള താരങ്ങളാണ് ടീം റീബൗണ്ട് എന്ന കൂട്ടായ്മയ്ക്ക് തുടക്കമിട്ടത്.
ചിത്രത്തില്‍: കൊച്ചി രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ടീം റീബൗണ്ടിന്റെ വാര്‍ഷിക ആഘോഷങ്ങള്‍ മുന്‍ ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ മാത്യു സത്യബാബു ബാസ്‌ക്കറ്റുചെയ്ത് ഉദ്ഘാടനം ചെയ്യുന്നു. മുന്‍ ഇന്ത്യന്‍ ടീം വനിതാ ക്യാപ്റ്റന്‍ ലീലാമ്മ സന്തോഷ്, ടീം റീബൗണ്ട് പ്രസിഡന്റ് ഇക്ബാല്‍ എം.എ തുടങ്ങിയവര്‍ സമീപം.